"പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി.
അസ്തമയത്തില്‍ ആറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്‍റപ്പുറം കാണേണ്ടേ?
ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു.
പച്ചപിടിച്ച താഴവര...
ഏട്ടത്തി പറഞ്ഞു, ഞാന്‍ ഇവിടെത്തന്നെ നില്‍ക്കട്ടെ.
എനിക്ക് പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുന്നില്‍ കിടന്ന അനന്തപദങ്ങളിലേക്ക് അനുജത്തി നോക്കി…
നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇത് കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്, ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേ ഉള്ളു...
അനുജത്തി നടന്നകന്നു...
അസ്തമയത്തിന്‍റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍കുരുന്നില്‍ നിന്ന് വീണ്ടും അവള്‍ വളര്‍ന്നു, അവള്‍ വലുതായി വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി
മൃതിയുടെ മുലപ്പാല്‍ കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവച്ചു.
കണ്ണില്‍ സുറുമയും കാതില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചിതലിയുടെ താഴ്വരയില്‍ പൂവിറുക്കാന്‍ എത്തി.അവിടെ തനിച്ചു നിന്ന ചമ്പകത്തിന്‍റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു,
അനുജത്തീ നീ എന്നെ മറന്നുവല്ലോ…"
-ഓ.വി.വിജയന്‍)
{ഖസാക്കിന്‍റെ ഇതിഹാസം }