Tuesday, 28 June 2016

പ്രണയം

ആരോ ആരെയോ എവിടെയോ ആത്മാർഥമായി പ്രണയിക്കുന്നു
എന്നു വിശ്വസിക്കുമ്പോൾ എന്തൊരു സമാധാനം!
ലോകം വിചാരിച്ചത്ര വൃത്തികെട്ടതല്ല; ജീവിതം വിചാരിച്ചത്ര ശപിക്കപ്പെട്ടതുമല്ല.
പ്രണയം ആഹ്ലാദകരമായ ഒരന്ധവിശ്വാസമാണ്.
കെ.ആർ.മീര

Monday, 27 June 2016

ഒരു ദേവദാസിക്കെഴുതിയ വരികള്‍



അവസാനം
ഒരു കാലം വരും.
അപ്പോള്‍ എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും
എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും
മരങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍
എല്ലാം ഒരൊറ്റ കയ്യൊപ്പു
വഹിക്കുന്നതായി തോന്നും.
അപ്പോഴാണ്
നീ അവരെ കടന്നുപോവുക
തിരിച്ചറിയാതെ,
അവരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നുവെന്നിരിക്കിലും
വാക്കുകളില്‍നിന്ന് നീ അര്‍ത്ഥം പെറുക്കിയെടുക്കുന്നില്ല,
അപ്പോള്‍ നിന്റെ ആഗ്രഹങ്ങള്‍ നിലയ്ക്കുന്നു.
അപ്പോള്‍ നീ,
സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ,
സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ
നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ
അമ്പലനടകളിലിരുന്നു.
വയസ്സ്
ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.
മാധവിക്കുട്ടി

വാക ഹൃദയത്തിൽ പൂവിട്ട ഗുൽമോഹർ


നീ എന്നെ ഓര്‍ക്കുന്നില്ലേ....?
ഏകാന്തത നിറഞ്ഞ നിന്‍റെ പാതയില്‍ നിനക്ക് കൂട്ടായി ഞാന്‍ നിന്നത് ?

എന്‍റെ ഇതളുകള്‍ നോക്കി നീ നിന്‍റെ ഓര്‍മകളില്‍ മുഴുകിയപ്പോള്‍ ഞാന്‍ നിനക്ക് തണലായി മാറിയത്..?

നിന്‍റെ വാകയെ നീ മറന്നു പോയോ....?
മറന്നിട്ടുണ്ടാവും...

കാലം നിന്നെ സൗഹൃദത്തിന്റെ ലോകത്ത് നിന്നും കൂടികൊണ്ട് പോയത് വേര്‍പാടിന്റെ ലോകത്തേക് ആയിരുന്നു അല്ലോ... ....

എന്നാല്‍ നീ ഇല്ലാതെ ഈ ഏകാന്തതയുടെ ലോകത്ത് ഞാന്‍ തനിച്ചായി..

ഒരിക്കല്‍ എന്‍റെ വാകപൂവിനെ പുസ്തകതാളില്‍ ചേര്‍ത്ത് വെച്ച് "എന്‍റെ ഓര്‍മകള്‍ക്ക് നിന്‍റെ വാകച്ചുവപ്പു നിറമാണ്‌ "എന്ന് നീ മൊഴിഞ്ഞത് ഞാന്‍ ഒരിക്കലും മറന്നില്ല .

ഓരോ വേനല്‍ കാലത്തിലും നിന്നെയും പ്രതീക്ഷിച്ചു ഞാന്‍ പൂവിടുന്നു..

നിനക്ക് തരുവാനായി കുറെ വാകപൂകളുമായി ഞാന്‍ നിന്നെ കാത്തിരിക്കുന്നു...

Thursday, 2 June 2016

നിന്നെ തേടിയുള്ള എന്റെ യാത്ര തുടരുന്നു...

നിന്നെ തേടി ഞാന്‍ വരുന്നു. ഈ ബ്രഹ്മാണ്ഡത്തില്‍ എവിടെയോ നീ ഉണ്ട്. മറ്റാരോ ആയി. പക്ഷിയായി മാനായി അല്ലെങ്കില്‍ ചിത്രശലഭമായി. സൃഷ്ടിപരമ്പരകളിലൂടെ ഞാന്‍ നിന്നെ തേടും. നിന്നെ പ്രാപിക്കാനായി പക്ഷിയും മാനും ചിത്രശലഭവുമായി ഞാന്‍ ജനിക്കും. നിന്റെ നെഞ്ചില്‍ തലചായ്ച്ച് എന്റെ ദുഃഖങ്ങള്‍ മറക്കുവാനായി ഞാന്‍ ജന്മങ്ങളും പുനര്‍ജന്മങ്ങളും പൂകാം.
സൃഷ്ടിപരമ്പരകളിലൂടെയുള്ള, നിന്നെ തേടിയുള്ള എന്റെ യാത്ര തുടരുന്നു...
( എം. മുകുന്ദന്‍)