Monday, 21 March 2016

വ്യര്‍ത്ഥം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
കാല്‍ നൂറ്റാണ്ട് ഞാന്‍ കാത്തിരുന്നു
ഉണ്ടെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.
സൂര്യനങ്ങനെ ചന്ദ്രനങ്ങനെ
മഞ്ഞങ്ങനെ മഴയങ്ങനെ
കാറ്റങ്ങനെ കടലങ്ങനെ.
പരുന്ത് ഉപേക്ഷിച്ച
നിഴലുമായി ഞാന്‍ കാത്തിരുന്നു
ഉവ്വെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.
മണ്ണിര ഭൂമിയെ എന്നപോലെ
ഞാന്‍ കാലത്തെ തിന്നുതീര്‍ക്കുന്നു.
ഒടുവില്‍
മരുഭൂമിയിലേക്ക് പോയ നദിപോലെ
എന്‍റെ പ്രേമം വറ്റിപ്പോയി.
ഇപ്പോള്‍ എന്‍റെ ഉള്ളില്‍ കാറ്റാണ് ചുടുകാറ്റ്.

Friday, 18 March 2016

മൃത്യുവിന്
ഒരു വാക്കേയുള്ളൂ-
'വരൂ...പോകാം.'
മൃത്യു
അതിഥിയാണ്.
ആതിഥേയന്‍ നല്‍കേണ്ടത്
അവന്‍റെ നെഞ്ചിടിപ്പുകള്‍,
കാഴ്ച,
നടക്കാന്‍ മറക്കേണ്ട കാലുകള്‍...
ആകാശത്തിലേക്ക് പറക്കുന്ന
പോത്തിന്‍റെ പുറകെ നടക്കുക...
ജീവിതത്തിലേക്ക്
തിരിഞ്ഞുനോക്കരുത്.
നിന്നെ സ്നേഹിച്ചവര്‍
പുച്ഛിച്ചവര്‍
ഏവരും
നിന്‍റെ ജഡത്തില്‍ വീണു കരയും.
സ്വര്‍ഗത്തിലെ സുവര്‍ണസിംഹാസനം
തുരുമ്പിച്ചുപോയി.
നരകത്തില്‍
നിനക്ക്
അഗ്നിയും,
തിളയ്ക്കുന്ന വെള്ളവും,
ദൈവത്തിന്‍റെ കഴുത്തില്‍നിന്നും
ഇഴഞ്ഞുപോയ
കണ്‍ഠഭരണവുമുണ്ട്.
മൃത്യു,
പ്രിയപ്പെട്ട അതിഥീ;
എനിക്കൊരു വാക്കേയുള്ളൂ.
'വറുതികളുടെ ജീവിതത്തില്‍ നിന്ന്
വരൂ...'
പ്രണയം എന്ന സംഭവം ഇന്നില്ല. പ്രണയത്തെക്കുറിച്ച് ഇന്ന് പറയുക എന്നത്, കൊടുംമഴയത്ത് വെയില്‍ കായുന്നതുപോലെയാണ്. പ്രണയത്തിന്റെ രുചി പകര്‍ന്നുതരുന്ന കവിതകള്‍ ഇന്നാരുമെഴുതുന്നില്ല. ഓമനേ... എന്നു പറഞ്ഞാല്‍ പ്രണയമാവില്ല.
------------ എ.അയ്യപ്പൻ

പല്ല് (അയ്യപ്പൻറെ അവസാന കവിത)

അമ്പ് ഏത് നിമിഷത്തിലും
മുതുകില്‍ത്തറയ്ക്കാം
പ്രാണനുംകൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കിനുചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വഴിയില്‍ ഞാന്‍
ഇരയായി
നീയെന്നെപ്പോലെ
എന്നെ വിഡ്ഢിയായിക്കാണു (അവ്യക്തം)
മുറ്റത്തെ വെയിലിന്‍ (അവ്യക്തം)
നീയും പുതപ്പ്
-അയ്യപ്പന്‍